13 Jan 2011

വളരെക്കാലത്തിനു ശേഷമാണു മാമനും മാമിയും തറവാട്ടിലേക്ക് വിരുന്ന് വന്നതു.
അടുത്ത കാലം വരെ മാമനും മാമിക്കും അവരുടെ സ്വന്തബന്ധക്കാർക്കും ഞങ്ങളെ
കുറിച്ചു പറയാൻ തന്നെ അപമാനം ആയിരുന്നു പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയായിരുന്നു
ഞങ്ങടെ തറവാട്, അതേ സമയം മാമനും മാമിയും അവരുടെ തറവാട്ടുകാരും സർവ്വാണി സദ്യയും ഗോദാനവും
ഒക്കെ മുറയ്ക്ക് നടത്തിക്കൊണ്ടുമിരിക്കുകയായിരുന്നു അടുത്ത കാലം വരെ,. വിധിയുടെ കാലൻ ഒന്നു പുറം തിരിഞ്ഞിരുന്നപ്പോ ഒക്കെ തലകീഴേ മറിഞ്ഞൂന്ന് പറഞ്ഞാൽ മതീല്ലോ...
പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞ ഞങ്ങടെ തറവാട്ടിലെ അടുപ്പുകൾ നിർത്താതെ കത്താൻ തുടങ്ങി.
ഞങ്ങടെ തറവാട്ടിലെ കുട്ടികൾ പട്ടിണി മറന്നു തുടങ്ങി. ഇനീപ്പോ പട്ടിണി മുഴവനായി മാറിയില്ലെങ്കിലും
അവർ മുഴുപ്പട്ടിണിയിൽ നിന്നും അരപ്പട്ടിണിയിലേക്ക് ഉയർത്തപ്പെട്ടു ഇതേ സമയത്ത് മാമന്റെ തറവാട്ടിൽ
മുഴുപ്പട്ടിണി അരപ്പട്ടിണിക്ക് വഴിതെളിക്കാനും തുടങ്ങിയിരുന്നു...
തറവാട്ടിൽ കാർന്നോരായ മാമനു നിൽക്കക്കള്ളിയില്ലാതായി മാമൻ കാരണവസ്ഥാനം
ഏറ്റപ്പോൾ ആണു തറവാട് മുടിയാൻ തുടങ്ങിയതെന്ന് മുറുമുറുപ്പ് തുടങ്ങി.
അതേ സമയം പട്ടിണിയിൽ ആരെയും പഴിപറയാതെ ഞങ്ങൾ മുണ്ട് മുറുക്കിയുടുത്ത്
അരിഷ്ടിച്ചും കഷ്ടിച്ചും ഞങ്ങൾ മുഴുപ്പട്ടിണിയിൽ നിന്നും അരപ്പട്ടിണിയിലേക്കും
അരപ്പട്ടിണിയിൽ നിന്നും പട്ടിണിയില്ലായ്മയിലേക്കും കരകയറുകയായിരുന്നു
അങ്ങിനെ ഇരിക്കുമ്പോൾ ആണു മാമനും മാമിയും കൂടി തറവാട്ടിലേക്ക് വിരുന്ന് വന്നത്
വന്നിറങ്ങിയതും മാമൻ ഞങ്ങടെ കുടുംബത്തിന്റെ വിജയത്തെക്കുറിച്ചും ഞങ്ങടെ കഴിവുകളെക്കുറിച്ചും
വാനോളം പൊക്കിപ്പറഞ്ഞു ഒപ്പം ഞങ്ങടെ കാർന്നൊരുടെയും കാരണവത്തിയുടേയും കർമ്മശേഷിയെ
പൊക്കാനും മറന്നില്ല... വൈകുന്നേരം അത്താഴം കഴിക്കുന്നതിനു മുന്നേ ഞങ്ങടെ കാർന്നോർ വിളമ്പിയ
വാറ്റ് സാന്റാസീങ്ങ് അടിച്ച് കോഞ്ഞിയാക്ക് ആയ മാമനും മാമിയും ബെല്ലി ഡാൻസ് ആടി തറവാട്ടിലെ
ആബാലവൃദ്ധജനങ്ങളേയും കമ്പ്രഷൻ ആക്കിക്കളഞ്ഞു
കമ്പ്രഷൻ അടിച്ചിരുന്ന തറവാട്ടിലെ മെംബേർസിനെക്കൊണ്ട് മാമിയും മാമനും ധാരാളം വെള്ളപ്പേപ്പറിൽ
ഒപ്പിടുവിക്കുകയും ചെയ്തു
വിരുന്നും കഴിഞ്ഞ് കുടുമ്പത്തിലെക്ക് മടങ്ങിയ മാമൻ അവിടെ ചെന്ന്
വെറുതേയിരുന്നില്ല ഞങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച വെള്ളപ്പേപ്പറിൽ
ഞങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൽ എഴുതിപ്പിടുപ്പിച്ചു
ഞങ്ങടെ സ്ഥാവര ജംഗമങ്ങളും കിണ്ടി കിരീടം മെതിയടി വരെ സ്വന്തമാക്കിക്കളഞ്ഞു
ഇപ്പോൾ ഞങ്ങൾ പഴയതു പോലെ തെണ്ടിത്തിരിഞ്ഞു നടക്കുന്നു.
ഞങ്ങടെ പിള്ളേർ ഒരു വായ്ക്കഞ്ഞിക്ക് ഇരക്കുന്നു......
ഞങ്ങൾ വിശന്നു കരയുന്ന ഞങ്ങടെ കുഞ്ഞുങ്ങളോട്.
ഞങ്ങൾ ചതിയിൽ പെട്ട കഥപറഞ്ഞു കൊടുക്കുന്നു
പണ്ട് ഞങ്ങടെ കാർന്നോന്മാർ ഞങ്ങൾക്ക് പറഞ്ഞു തന്ന
അവർ ചതിയിൽ പെട്ടകഥയുടെ ഈണത്തിൽ.................

No comments: